Friday, September 25, 2020

ഫിസിയോ തെറാപ്പി

ആധുനിക  വൈദ്യശാസ്ത്രത്തിലെ നൂതനമായ ഒരു ചികിത്സാരീതിയാണ് ഫിസിക്കൽ തെറാപ്പി അഥവാ ഫിസിയോ തെറാപ്പി. പേര് സൂചിപ്പിക്കുന്നത് പോലെ, ശാരീരിക ചലനങ്ങളെ മുൻനിർത്തിയുള്ള ഒരു ചികിത്സാസംവിധാനമാണ് ഇത്. അപകടങ്ങൾ മൂലവും ചില രോഗാവസ്ഥകളാലും ശാരീരികക്ഷമത നഷ്ടമാവുന്നവരേറെയുള്ള ഈ കാലത്ത് ഫിസിയോ തെറാപ്പി പോലുള്ള ചികിത്സാരീതികൾ ആധുനിക വൈദ്യശാസ്ത്രത്തിന് ഒരു മുതൽക്കൂട്ടാണ്‌. മരുന്നുകളില്ലാതെ പൂർണമായും വ്യായാമമുറകളിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നത് ഫിസിയോതെറാപ്പിയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ഈ വിഷയത്തിൽ ആഴത്തിൽ അവഗാഹം നേടിയ ഫിസിയോതെറാപ്പിസ്റ്റുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഫിസിയോതെറാപ്പിയിലൂടെ ശരീരഭാഗങ്ങളുടെ ചലനം മെച്ചപ്പെടുത്താനും ബലക്കുറവുകൾ പരിഹരിക്കാനും സാധിക്കും. പോളിയോ പോലുള്ള അസുഖങ്ങൾ ബാധിച്ചവർക്കുണ്ടാവുന്ന പേശീ തളർച്ച, ബലക്ഷയം പോലുള്ള അവസ്ഥകൾക്ക് ഫിസിയോ തെറാപ്പി വളരെ നല്ലതാണ്. രോഗകാരണങ്ങൾ കണ്ടെത്തി ഉചിതമായ ചികിത്സാപദ്ധതികൾ നിർദേശിക്കുകയും  പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന വളരെ ശാസ്ത്രീയമായ രീതിയാണ് ഫിസിയോ തെറാപ്പിസ്റ്റുകൾ അവലംബിക്കുന്നത്. ലഘുവായ വ്യായാമമുറകളായിരിക്കുമെങ്കിലും വളരെയധികം ഫലവത്തായ ശാസ്ത്രീയമായ ചികിത്സാരീതിയാണ് ഇത്. ബലക്കുറവുകൾ പരിഹരിക്കുക, ശാരീരികക്ഷമതയും ചലനശേഷിയും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും മാനസികാരോഗ്യവും ബലപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ ചികിത്സാരീതിയ്ക്കുണ്ട്.


ഫിസിയോതെറാപ്പിയുടെ ഘട്ടങ്ങൾ

ഒരു ഫിസിയോതെറാപ്പിസ്റ്റ്, രോഗിയുമായുള്ള കൂടിക്കാഴ്ചയിലൂടെ രോഗനിർണയം നടത്തുകയും എന്തൊക്കെ ചികിത്സാപദ്ധതികളാണ് വേണ്ടത് എന്നത് തീരുമാനിക്കുകയും ചെയ്യും. ചികിത്സയുടെ ആദ്യഘട്ടമായി രോഗവിവരത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്ക് വയ്ക്കുകയും അവസ്ഥ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. രോഗിയ്ക്ക് രോഗാവസ്ഥയെ കുറിച്ചുള്ള ബോധവത്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രണ്ടാമത്തെ ഘട്ടമായി ചലനങ്ങളും വ്യായാമമുറകളുമാണ് അവലംബിച്ചിരിക്കുന്നത്. അവസാന ഘട്ടത്തിൽ മാനുവൽ തെറാപ്പി ആണ് ഉണ്ടാവുക. ചില അവസരങ്ങളിൽ അക്യൂപന്ക്ചർ, അൾട്രാസൗണ്ട് ട്രീറ്റ്‌മെന്റ് തുടങ്ങിയ രീതികളൊക്കെ ഉപയോഗിക്കാറുണ്ട്.

പ്രയോജനങ്ങൾ 

ഫിസിയോ തെറാപ്പിയിലൂടെ രോഗി കൂടുതൽ ആരോഗ്യവാനാവുകയും ശാരീരികചലനങ്ങളിൽ അനായാസത കൈവരികയും ചെയ്യുന്നു. 

സ്വതന്ത്രമായ ചലനങ്ങൾക്ക് സഹായിക്കുകയും ചലനശേഷി മെച്ചപ്പെടുകയും ചെയ്യുന്നു. മരുന്നുകളിലൂടെയുള്ള ചികിത്സ അല്ലാത്തതിനാൽ പാർശ്വഫലങ്ങൾ തീർത്തും ഇല്ല എന്നു തന്നെ പറയാം. രോഗാവസ്ഥകൾ കൊണ്ട്  വേദന അനുഭവപ്പെടുന്നത് ലഘൂകരിക്കുവാനും ശാരീരിക ക്ഷമത വീണ്ടെടുക്കുവാനും സഹായിക്കുന്നു. എപ്പോഴും ഊർജ്വസ്വലരായി ഇരിക്കുവാനും ശ്വസനം ആയാസരഹിതമാക്കുവാനും നമ്മെ സഹായിക്കുന്നു. 

പ്രിവന്റീവ് ഫിസിയോതെറാപ്പി

ശാരീരിക ബുദ്ധിമുട്ടുകളില്ലാത്തവർക്കും ഭാവിയിലുണ്ടായേക്കാവുന്ന ശാരീരിക പ്രശ്നങ്ങളിൽ നിന്ന് ഒരു മുൻകരുതലെന്നോണം ഫിസിയോതെറാപ്പി പരിശീലിക്കാവുന്നതാണ്. പ്രിവന്റീവ് ഫിസിയോ തെറാപ്പി എന്ന ഈ മെത്തേഡിനായി ഒരു അംഗീകൃത ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടാം. കഴുത്തിലും തോൾഭാഗത്തുമുള്ള പേശികളിലുണ്ടായേക്കാവുന്ന പേശീ വലിവും പരുക്കുകളും തടയാൻ പ്രിവന്റീവ് ഫിസിയോതെറാപ്പിയിലൂടെ സാധിക്കുന്നു. പോസ്ച്ചറൽ കറക്ഷൻ എക്സർസൈസസ്, ബയോഫീഡ്ബാക്ക് റ്റു സ്പെസിഫിക് മസ്കുലേച്ചർ, സോഫ്റ്റ്ടിഷ്യു മസാജ്, ക്രോസ് ഫിക്ഷൻ മസാജ് പോലുള്ള മാനുവൽ തെറാപ്പി എന്നിങ്ങനെയുള്ള ഫിസിയോതെറാപ്പിക് മെത്തേഡുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാകുക.

ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട വാം അപ്പ് ചര്യകളും വ്യായാമങ്ങളും കായികരംഗത്തുള്ളവർ പരിശീലിക്കുന്നത് നല്ലതാണ്. കായികരംഗത്ത് ഉണ്ടായേക്കാവുന്ന പരുക്കുകൾ ലഘൂകരിക്കാനും പരുക്കുകൾ ഉണ്ടാവാതെ തടയാനും ഇത് സഹായിക്കും. ഓഫീസിൽ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഭാവിയിൽ നടുവേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ പ്രിവന്റീവ് ഫിസിയോ തെറാപ്പി പരിശീലിക്കുന്നത് നല്ലതാണ്. കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ ചെയ്യുന്ന ഒരു വലിയ വിഭാഗം യുവാക്കൾക്ക് നടുവേദന, സന്ധിവേദന മുതലായ പ്രശ്നങ്ങൾ ചെറുപ്രായത്തിൽ തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്വയം പരിരക്ഷ എന്നോണം ഒരു തെറാപ്പിസ്റ്റിന്റെ നിർദേശപ്രകാരം ഫിസിയോതെറാപ്പി രീതികൾ പരിശീലിച്ച് തുടങ്ങേണ്ടത് വളരെ അത്യാവശ്യമാണ്.


വളരെ ആരോഗ്യകരവും ഫലവത്തുമായ, പാർശ്വഫലങ്ങൾ ഒട്ടുമില്ലാത്ത ഒരു വൈദ്യ ശാസ്ത്ര ശാഖയാണ് ഫിസിയോതെറാപ്പി. ചികിത്സ തേടുമ്പോൾ അംഗീകൃത ഫിസിയോതെറാപ്പിസ്റ്റുകളിൽ നിന്ന് തന്നെ ചികിത്സ തേടുന്നു എന്നുറപ്പ് വരുത്തുക.


Reviewed By: Ashly Tomy
Visit Us: wohlphysio.com
Mail Us: wohlphysio@gmail.com

No comments:

Post a Comment

Best physiotherapy clinic in kochi- wohlphysio

Best Physiotherapist in Kochi - WohlPhysio  As a celebrity physiotherapist working with the Bollywood, Mollywood, Tollywood, Kollywood, Sand...